ദിണ്ഡിഗൽ: തമിഴ്നാട്ടിൽ സഖ്യകക്ഷി ഭരണം ഉണ്ടാകില്ലെന്നു പ്രഖ്യാപിച്ച് ഡിഎംകെ. സഖ്യകക്ഷികളുമായി അധികാരം പങ്കിടില്ലെന്ന് ഡിഎംകെ നേതാവും മന്ത്രിയുമായ ഐ. പെരിയസാമി പറഞ്ഞു. അധികാരം പങ്കിടണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെക്കുറിച്ചു ചോദിപ്പോൾ, കോൺഗ്രസിന് ഇക്കാര്യം ആവശ്യപ്പെടാൻ അവകാശമുണ്ടെന്നായിരുന്നു പെരിയസ്വാമിയുടെ മറുപടി.
നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയാൽ സർക്കാരിൽ ഉൾപ്പെടുത്തണമെന്ന് തമിഴ്നാട് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് എംപി മാണിക്കം ടാഗോറും നിയമസഭാ കക്ഷി നേതാവ് എസ്. രാജേഷ്കുമാറും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
തമിഴ്നാട്ടിൽ 1967ൽ അധികാരത്തിൽനിന്നു പുറത്തായ കോൺഗ്രസിന് പിന്നീട് ഒരിക്കലും മന്ത്രിസഭയിൽ ഇടം ലഭിച്ചില്ല. 59 വർഷമായി ഡിഎംകെ, അണ്ണാ ഡിഎംകെ പാർട്ടികളാണ് അധികാരത്തിലിരിക്കുന്നത്.
2006ൽ ഡിഎംകെയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നിട്ടും കോൺഗ്രസിനെയോ മറ്റു ഘടകകക്ഷികളെയോ മന്ത്രിസഭയിൽ ഉൾപ്പെടുത്താതെയാണ് ഡിഎംകെ സർക്കാർ അഞ്ചു വർഷം ഭരണം പൂർത്തിയാക്കിയത്.